സൗദിയിൽ വിദേശി കുടുംബങ്ങളുടെ ആശ്രിത ഫീസ് പിൻവലിച്ചതായി വ്യാജ പ്രചരണം

സൗദിയിൽ വിദേശികളുടെ കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ആശ്രിത ഫീസ് പിൻവലിച്ചു എന്ന രീതിയിൽ വ്യാജ പ്രചരണം. സൗദിയിലെ പ്രമുഖ പത്രമായ അൽ റിയാദിന്റെ വ്യാജ പതിപ്പ് സഹിതമാണ് രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്. വാർത്ത വ്യാജമാണെന്ന് അൽ റിയാദ് പത്രത്തിന്റെ അധികൃതർ ടിറ്ററിൽ  വ്യക്തമാക്കി.


''രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി വിദേശികളുടെ ചുമലില്‍ കെട്ടിവെക്കേണ്ടതില്ല. നമ്മുടെ മതം കാരുണ്യത്തിന്റെ മതമാണ്. ഇഖാമ പുതുക്കുമ്പോഴോ റീ എന്‍ട്രി ഇഷ്യു ചെയ്യുമ്പോഴോ വിദേശികള്‍ ആശ്രിതരുടെ ലെവി അടക്കേണ്ടതില്ലെന്നും അടച്ചവര്‍ക്ക് അവരുടെ ബാങ്ക് അകൗണ്ട് വഴി തിരിച്ചുനല്‍കുമെന്നുമാണ്' റോയല്‍ കോര്‍ട്ടിന്റെ പേരിലുള്ള അറിയിപ്പായി വന്ന വ്യാജ വാർത്ത. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് ജൂലൈ ഒന്നു മുതലാണ് ഫീസ് ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷത്തെ ബജറ്റിലാണ് വിദേശികളുടെ കുടുംബങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം മുതല്‍ വിദേശ ജോലിക്കാര്‍ക്കും ഫീസ് നല്‍കണം.  2020ഓടെ പുതിയ ഫീസ് ഇനങ്ങളിലൂടെ 65 ബില്യണ്‍ റിയാല്‍ അധിക വരുമാനമാണ് സൌദി ലക്ഷ്യമിടുന്നത്.